വ്യത്യസ്തമായ ഒരു ഭാവി ദർശനം കാണുക
അമേരിക്കയിലെ നിയോഡേശാ എന്ന ചെറുപട്ടണത്തിലെ മുന്നൂറ് മിഡിൽ, ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ഒരു സർപ്രൈസ് സ്‌കൂൾ അസംബ്ലിയിൽ പങ്കെടുത്തു. തങ്ങളുടെ പട്ടണവുമായി ബന്ധമുള്ള ദമ്പതികൾ അടുത്ത ഇരുപത്തിയഞ്ചു വർഷത്തേക്ക് ഓരോ നിയോഡേശ വിദ്യാർത്ഥിക്കും കോളേജ് ട്യൂഷൻ ഫീസ് നൽകാൻ തീരുമാനിച്ചതായി കേട്ടപ്പോൾ അവർ അവിശ്വാസത്തോടെ ഇരുന്നു. വിദ്യാർത്ഥികൾ സ്തംഭിച്ചു, സന്തോഷിച്ചു, കണ്ണീരണിഞ്ഞു.
നിയോഡേശ സാമ്പത്തികത്തകർച്ചയിലൂടെ കടന്നുപോകുകയായിരുന്നു. അത്, പല കുടുംബങ്ങളെയും കോളേജ് ചെലവുകൾ എങ്ങനെ വഹിക്കുമെന്ന ആശങ്കയിലാഴ്ത്തി. സമ്മാനം ഒരു തലമുറയുടെ ദിശ മാറ്റുന്നതായിരുന്നു, മാത്രമല്ല ഇത് നിലവിലെ കുടുംബങ്ങളെ ഉടനടി ബാധിക്കുമെന്നും മറ്റുള്ളവരെ നിയോഡേശിലേക്കു വരാൻ പ്രേരിപ്പിക്കുമെന്നും ദാതാക്കൾ പ്രതീക്ഷിച്ചു. തങ്ങളുടെ ഔദാര്യം, പുതിയ ജോലിസാധ്യതകൾ, പുതിയ ഊർജസ്വലത, നഗരത്തിന് തികച്ചും വ്യത്യസ്തമായ ഭാവി എന്നിവ നൽകുമെന്ന് അവർ പ്രത്യാശിച്ചു.
തന്റെ ജനം തങ്ങളുടെ ആവശ്യങ്ങൾക്കായി മാത്രം ശ്രദ്ധിച്ചുകൊണ്ട് ജീവിക്കാതെ, ജീവിക്കാൻ പാടുപെടുന്ന അവരുടെ അയൽക്കാർക്ക് ഒരു പുതിയ ഭാവി വിഭാവനം ചെയ്തുകൊണ്ട് ഉദാരമനസ്‌കരാകാൻ ദൈവം ആഗ്രഹിച്ചു. മാത്രമല്ല ദൈവത്തിന്റെ നിർദ്ദേശങ്ങൾ വ്യക്തമായിരുന്നു: “നിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു നിന്റെ അടുക്കൽവെച്ചു ക്ഷയിച്ചുപോയാൽ, അവൻ തുടർന്നും നിന്റെ അടുക്കൽ പാർക്കേണ്ടതിന് നീ അവനെ താങ്ങേണം” (ലേവ്യപുസ്തകം 25:35). ഔദാര്യം അടിസ്ഥാന ഭൗതിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മാത്രമല്ല, ഒരു സമൂഹമെന്ന നിലയിൽ അവരുടെ ഭാവി ജീവിതത്തിന് എന്ത് ആവശ്യമാണെന്ന് പരിഗണിക്കുന്നതിനെക്കുറിച്ചും ഉള്ളതായിരുന്നു. “അവൻ തുടർന്നും നിന്റെ അടുക്കൽ പാർക്കേണ്ടതിന് നീ അവനെ താങ്ങേണം” (വാ. 35) എന്നു ദൈവം പറഞ്ഞു.
നൽകലിന്റെ ആഴമായ രൂപങ്ങൾ മറ്റൊരു ഭാവിയെ പുനർവിഭാവനം ചെയ്യുന്നു. ദൈവത്തിന്റെ അപാരമായ, സൃഷ്ടിപരമായ ഔദാര്യം, നാമെല്ലാവരും സമ്പൂർണ്ണതയിലും സമൃദ്ധിയിലും ഒരുമിച്ചു ജീവിക്കുന്ന ആ ദിവസത്തിനായി നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
വിദ്വേഷത്തെ വെല്ലുന്ന ദയ
2001 സെപ്റ്റംബർ 11ന് വേൾഡ് ട്രേഡ് സെന്റർ ടവറുകൾ തകർന്നപ്പോൾ ഗ്രെഗ് റോഡ്രിഗസും കൊല്ലപ്പെട്ടു. അയാളുടെ അമ്മ ഫില്ലിസും പിതാവും അതീവദു:ഖിതരായെങ്കിലും ആ ഭീകരാക്രമണത്തോട് അവർ വളരെ കരുതലോടെയാണ് പ്രതികരിച്ചത്. 2002 ൽ ഫില്ലിസ്, ഈ ആക്രമണത്തിൽ ഭീകരരെ സഹായിച്ചതായി ആരോപിക്കപ്പെട്ട ഒരാളുടെ അമ്മ ഐക്ക-എൽ-വേഫിനെ കാണുവാൻ ഇടയായി. ഫില്ലിസ് പറഞ്ഞത്: "ഞാൻ വിടർന്ന കരങ്ങളോടെ അവരെ സമീപിച്ചു. പരസ്പരം ആലിംഗനം ചെയ്ത് പൊട്ടിക്കരഞ്ഞു... ഐക്കയും ഞാനും തമ്മിൽ പെട്ടെന്ന് അടുപ്പത്തിലായി... ഞങ്ങൾ രണ്ടു പേരും പുത്രന്മാർ നിമിത്തം പ്രയാസം അനുഭവിക്കുന്നവരാണ്. "
വലിയ ദുഃഖത്തോടും വേദനയോടും കൂടിയാണ് ഫില്ലിസ് ഐക്കയെ കണ്ടത്. തന്റെ മകന്റെ മരണം മൂലം തോന്നുന്ന ക്രോധം, ന്യായമാണെങ്കിലും, അതിന് തന്റെ മനോവേദനയെ ഇല്ലാതാക്കാൻ കഴിയില്ല എന്ന് ഫില്ലിസ് വിശ്വസിച്ചു. ഐക്കയുടെ കുടുംബ കഥ കേട്ട ഫില്ലിസിന് അവരെ ശത്രുവായി കാണാൻ കഴിഞ്ഞില്ല; പകരം സഹതാപം തോന്നി. നീതി നടപ്പാകണം എന്ന് ആഗ്രഹിച്ചു; എന്നാൽ നമ്മോട് ദോഷം ചെയ്യുന്നവരോട് പ്രതികാരം ചെയ്യാനുള്ള പ്രലോഭനത്തിൽ നിന്ന് മുക്തരാകേണ്ടതാണ് എന്നും ബോധ്യമുണ്ടായിരുന്നു.
ഈ തിരിച്ചറിവാണ് പൗലോസ് അപ്പസ്തോലൻ നല്കുന്നത്; "എല്ലാ കയ്പ്പും കോപവും ക്രോധവും ... സകല ദുർഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞു പോകട്ടെ" (എഫെസ്യർ 4:31) എന്ന് പറയുന്നതിലൂടെ. ഈ നശീകരണ പ്രവണതകളെ നാം വിട്ടൊഴിയുമ്പോൾ ദൈവാത്മാവ് നമ്മെ പുതിയ താല്പര്യങ്ങൾ കൊണ്ട് നിറക്കും. "നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരാകാൻ" (വാ:32) പൗലോസ് പറയുന്നു. അനീതികൾ പരിഹരിക്കപ്പെടാനായി പ്രവർത്തിക്കാം എങ്കിലും വൈരാഗ്യ പൂർവ്വമുള്ള പ്രതികാരം ഒഴിവാക്കേണ്ടതാണ്. വിദ്വേഷത്തെ വെല്ലുന്ന ദയ കാണിക്കാൻ ദൈവത്മാവ് നമ്മെ സഹായിക്കട്ടെ.
ശരിയായ പാതകൾ തിരിച്ചറിയുക
പതിനാറുകാരനായ ബ്രസീലിയൻ സ്‌കേറ്റ്‌ബോർഡർ ഫെലിപ്പ് ഗുസ്താവോ 'ഭൂമിയിലെ ഏറ്റവും ഐതിഹാസിക സ്‌കേറ്റ്‌ബോർഡർമാരിൽ ഒരാളായി' മാറുമെന്ന് ആരും വിശ്വസിക്കുമായിരുന്നില്ല. ഗുസ്താവോയുടെ പിതാവ് തന്റെ മകൻ പ്രൊഫഷണൽ സ്‌കേറ്റിംഗ് സ്വപ്‌നം പിന്തുടരേണ്ടവനാണെു് വിശ്വസിച്ചുവെങ്കിലും അതിനുള്ള പണം തന്റെ പക്കൽ ഇല്ലായിരുന്നു. അതിനാൽ പിതാവ് അവരുടെ കാർ വിറ്റ് മകനെ ഫ്‌ളോറിഡയിലെ ഒരു പ്രശസ്ത സ്‌കേറ്റിംഗ് മത്സരത്തിനു കൊണ്ടുപോയി. ഗുസ്താവോയെക്കുറിച്ച് ആരും കേട്ടിരുന്നില്ല. . . അവൻ ജയിക്കുന്നതുവരെ. വിജയം അവനെ ഒരു അത്ഭുതകരമായ കരിയറിൽ എത്തിച്ചു.
ഗുസ്താവോയുടെ പിതാവിന് മകന്റെ ഹൃദയവും അഭിനിവേശവും കാണാനുള്ള കഴിവുണ്ടായിരുന്നു. ഗുസ്താവോ പറഞ്ഞു, “ഞാൻ ഒരു പിതാവാകുമ്പോൾ, എന്റെ പിതാവ് എനിഎനിക്ക് ആയിരുന്നതിന്റെ 5 ശതമാനം പോലുമെങ്കിലും ആകാൻ ഞാൻ ആഗ്രഹിക്കുന്നു.’’
അവരുടെ ഹൃദയം, ഊർജം, വ്യക്തിത്വം എന്നിവ ദൈവം രൂപപ്പെടുത്തിയിരിക്കുന്ന അതുല്യമായ രീതി വിവേചിച്ചറിയുന്നതിനും എന്നിട്ട് അവർ ആയിത്തീരണമെന്നു ദൈവം ആഗ്രഹിക്കുന്ന പാതയിൽ അവർ എത്തിച്ചേരുന്നതിനും മക്കളെ സഹായിക്കാൻ മാതാപിതാക്കൾക്കു ലഭിച്ചിരിക്കുന്ന അവസരത്തെക്കുറിച്ചു സദൃശവാക്യങ്ങൾ വിവരിക്കുന്നു “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല’’ (22:6) എഴുത്തുകാരൻ പറയുന്നു.
നമുക്ക് വിശാലമായ വിഭവങ്ങളോ അഗാധമായ അറിവോ ഇല്ലായിരിക്കാം. എന്നിരുന്നാലും, ദൈവത്തിന്റെ ജ്ഞാനവും (വാ. 17-21) നമ്മുടെ ശ്രദ്ധാപൂർവമായ സ്‌നേഹവും ഉപയോഗിച്ച്, നമ്മുടെ സ്വാധീനവലയത്തിനുള്ളിലെ നമ്മുടെ കുട്ടികൾക്കും മറ്റു കുട്ടികൾക്കും ഒരു വലിയ സമ്മാനം നൽകാൻ കഴിയും. ദൈവത്തിൽ ആശ്രയിക്കാനും ജീവിതകാലം മുഴുവൻ അവർക്ക് പിന്തുടരാനാകുന്ന പാതകൾ വിവേചിച്ചറിയാനും നമുക്ക് അവരെ സഹായിക്കാൻ കഴിയും (3:5-6).
കുടുംബം മുഴുവൻ
ജയിലിൽ ധരിക്കുന്ന വരകളുള്ള വസ്ത്രം ധരിച്ച്, ജെയിംസ് ജയിലിലെ ജിംനേഷ്യം കടന്ന്, താല്കാലികമായി ഉണ്ടാക്കിയ കുളത്തിൽ ഇറങ്ങി; ജയിൽ ചാപ്ലിൻ അയാളെ സ്നാനപ്പെടുത്തി. ജയിലിലെ തന്നെ അന്തേവാസിയായിരുന്ന തന്റെ മകൾ ബ്രിട്ടനിയും അതേ ദിവസം തന്നെ സ്നാനമേറ്റു എന്ന വാർത്ത ജെയിംസിന്റെ സന്തോഷം ഇരട്ടിയാക്കി. സംഭവിച്ചതറിഞ്ഞ ജയിൽ ജീവനക്കാരും വികാരഭരിതരായി. "കരയാത്ത ഒരു കണ്ണും ഇല്ലായിരുന്നു", ചാപ്ലിൻ പറഞ്ഞു. വർഷങ്ങളോളം, ജയിലിന്റെ അകത്തും പുറത്തുമായി, ബ്രിട്ടനിയും അവളുടെ പിതാവും ദൈവത്തിന്റെ പാപക്ഷമ കാത്തിരിക്കുകയായിരുന്നു. ദൈവം അവർക്ക് ഒരുമിച്ച് പുതുജീവിതം നല്കി.
തിരുവെഴുത്തിൽ മറ്റൊരു ജയിൽ സംഭവം വിവരിക്കുന്നുണ്ട്. യേശുവിന്റെ സ്നേഹം ഒരു കാരാഗൃഹ പ്രമാണിയുടെ മുഴുവൻ കുടുംബത്തെയും രൂപാന്തരപ്പെടുത്തി. "വലിയൊരു ഭൂകമ്പം "ഉണ്ടായി, ജയിൽ കുലുങ്ങി, " കാരാഗൃഹത്തിന്റെ വാതിൽ ഒക്കെയും തുറന്നു പോയി," പൗലോസും ശീലാസും ഓടിപ്പോകാതെ തടവറയിൽ തന്നെ കഴിഞ്ഞു (അപ്പൊ. പ്രവൃത്തി 16:26 - 28). ഇവർ ഓടിപ്പോകാത്തതിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെ കാരാഗൃഹ പ്രമാണി അവരെ തന്റെ വീട്ടിൽ കൊണ്ടു പോയി. എന്നിട്ട് ജീവിതത്തെ മാറ്റിമറിച്ച ആ ചോദ്യം ചോദിച്ചു: "രക്ഷപ്രാപിക്കുവാൻ ഞാൻ എന്തു ചെയ്യേണം?" (വാ.30)
"കർത്താവായ യേശുവിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും..." (വാ.31) അവർ ഉത്തരം പറഞ്ഞു. വ്യക്തികളിൽ മാത്രമല്ല, മുഴുകുടുംബത്തിന്റെ മേലും കൃപ ചൊരിയാനുള്ള ദൈവത്തിന്റെ താല്പര്യമാണ് ഈ മറുപടിയിൽ കാണുന്നത്. ദൈവസ്നേഹത്തിന്റെ ഇടപെടലിൽ കാരാഗൃഹപ്രമാണിയുടെ കുടുംബം മുഴുവനും ദൈവത്തിൽ വിശ്വസിച്ചു (വാ. 34). നമുക്ക് പ്രിയപ്പെട്ടവരുടെ രക്ഷക്കായി നാം ആകാംഷയുള്ളവരായിരിക്കുമ്പോൾ അതിനെക്കാൾ അധികമായി ദൈവം അവരെ സ്നേഹിക്കുന്നു എന്നതിൽ നമുക്ക് ഉറച്ചിരിക്കാം. അവൻ നമ്മെയും നമ്മുടെ മുഴുകുടുംബത്തെയും രൂപാന്തരപ്പെടുത്താൻ താല്പര്യപ്പെടുന്നു.
അന്യോന്യം കരുതുക
ജാനകി കോയമ്പത്തൂരിലെ ഒരു വില്ലേജിൽ ഡോക്ടറായി സേവനം ചെയ്തിരുന്നു. വർഷങ്ങൾക്കു മുമ്പ്, കേവലം 14 വയസ്സിൽ വിവാഹിതയായി ഗർഭിണിയായ ഒരു പെൺകുട്ടിയെ അവർ ചികിത്സിച്ചു. അവൾ ഒരു പെൺകുഞ്ഞിന് ജന്മം നല്കി. പെൺകുഞ്ഞുങ്ങളെക്കുറിച്ചുള്ള അന്ധവിശ്വാസം മൂലം അവർ ആ ശിശുവിനെ അടുത്തുള്ള നദിയിൽ കളയാൻ ഒരുങ്ങി. ഈ ക്രൂരമായ പദ്ധതി മനസ്സിലാക്കിയ ജാനകി, രഹസ്യമായി അമ്മയെയും കുഞ്ഞിനെയും ഒരു സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. അവർക്ക് അഭയവും സുരക്ഷിതത്വവും അമ്മക്ക് തന്റെ വീട്ടിൽ ജോലിയും നൽകി, അവരെ സ്വന്തം കുടുംബത്തിന്റെ ഭാഗമായി കരുതി. ജാനകി ആ ശിശുവിനെ രക്ഷിക്കുക മാത്രമല്ല, ഒരു ഡോക്ടറായി തീരും വിധം അവളെ വളർത്തുകയും ചെയ്തു.
മററുള്ളവർക്ക് വേണ്ടി കരുതണം എന്നത് തിരുവചനം ആവർത്തിച്ച് നിർദ്ദേശിക്കുന്നുണ്ടെങ്കിലും നമ്മുടെ ചെയ്തികൾ പലപ്പോഴും അതിനെതിരാണ്. ദൈവത്തെ ആരാധിക്കുകയോ മറ്റുള്ളവരെ സേവിക്കുകയോ ചെയ്യാതെ, സ്വയം "തിന്നുകയും കുടിക്കുകയും ചെയ്യുന്ന" ഇസ്രായേലിനെ സെഖര്യാ പ്രവാചകൻ ശാസിക്കുന്നുണ്ട്(സെഖര്യാവ് 7:6). ഒരുമിച്ചുള്ള സാമൂഹ്യ ജീവിതക്രമത്തെ അവഗണിച്ച് അവർ അയല്ക്കാരന്റെ ആവശ്യം കണ്ടില്ലെന്ന് നടിച്ചു. സെഖര്യാവ് ദൈവത്തിന്റെ കല്പന വ്യക്തമാക്കി: "നേരോടെ ന്യായം പാലിക്കുകയും ഓരോരുത്തൻ തന്റെ സഹോദരനോട് ദയയും കരുണയും കാണിക്കുകയും ചെയ്യുവിൻ... വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത് " (വാ.9 - 10).
നമുക്കെല്ലാം സ്വന്തം കാര്യങ്ങളിൽ മുഴുകാനാണ് താല്പര്യമെങ്കിലും മററുള്ളവരുടെ ആവശ്യങ്ങളും കൂടെ പരിഗണിക്കണമെന്ന് വിശ്വസ്തത നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവിക സാമ്പത്തിക ക്രമത്തിൽ എല്ലാവർക്കും സമൃദ്ധിക്കുള്ള വകയുണ്ട്. ദൈവം, തന്റെ കരുണയിൽ, നമുക്കുള്ളതു കൂടി ഉൾപ്പെടുത്തിയാണ് തന്റെ സമൃദ്ധിയെ പങ്കുവെക്കുവാൻ ഹിതമാകുന്നത്.
നാം ഇനി പിതാവില്ലാത്തവരാകില്ല
അവിവാഹിതനും സ്വന്തം മക്കളില്ലാത്തവുനുമായ ബ്രൈൻറ്, ന്യൂയോർക്ക് ശിശുസംരക്ഷണ വകുപ്പിലായിരുന്നു ജോലിചെയ്തത്. ഓരോ ദിവസവും വളർത്തച്ഛന്റെയോ അമ്മയുടെയോ ആവശ്യം ഏറിക്കൊണ്ടിരുന്നതിനാൽ, അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യണമെന്ന് അയാൾ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലധികം, ബ്രൈൻറ് അൻപതിലധികം കുട്ടികളെ വളർത്തി, ഒരിക്കൽ ഒറ്റത്തവണ ഒൻപതു കുട്ടികളെ വരെ അദ്ദേഹം പരിപാലിച്ചു. "എപ്പോഴൊക്കെ നോക്കിയാലും, താമസം ആവശ്യമുള്ള ഒരു കുട്ടിയെങ്കിലും ഉണ്ടാകും" അദ്ദേഹം പറഞ്ഞു. "നിങ്ങൾക്ക് നല്ലൊരു ഹൃദയവും വീട്ടിൽ സ്ഥലവും ഉണ്ടെങ്കിൽ നിങ്ങൾക്കത് ചെയ്യാൻ കഴിയും. അതിനെപ്പറ്റി ആകുലപ്പെടേണ്ട കാര്യമില്ല". താൻ വളർത്തി വലുതാക്കിയ കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും ബ്രൈന്റിന്റെ വീട്ടിൽ പ്രവേശനമുണ്ടായിരുന്നു. പലപ്പോഴും അവർ ഞായറാഴ്ചകളിൽ അവരുടെ "പപ്പയോടൊപ്പം" ഉച്ചഭക്ഷണത്തിന് വരുമായിരുന്നു. ബ്രൈൻറ് ഒരു പിതാവിന്റെ സ്നേഹം അനേകരോട് കാണിച്ചിരുന്നു.
വേദപുസ്തകം നമ്മോട് പറയുന്നത് മറന്നുകളഞ്ഞവരെയും ഒഴിവാക്കപ്പെട്ടവരേയും ദൈവം തേടി പോകുന്നു എന്നാണ്. എന്നുവരികിലും ചില വിശ്വാസികൾക്ക് ഈ ജീവിതത്തിൽ തങ്ങൾക്കുതന്നെ ഉപേക്ഷിക്കപ്പെട്ടവരായും ബലഹീനരായും തോന്നാം, അവരോടു കൂടെയും ഇരിക്കാമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. ദൈവം "അനാഥന്മാർക്കു പിതാവാകുന്നു" (സങ്കീർത്തനങ്ങൾ 68:5). നിഷേധത്താലും ദുരന്തങ്ങളാലും നാം ഒറ്റപ്പെടുമ്പോഴും, ദൈവം അവിടെത്തന്നെയുണ്ട് -നമ്മെ തേടി, നമ്മുടെ അരികിലേക്ക് വന്ന് അവൻ നമുക്ക് സമാധാനം തരുന്നു. നിശ്ചയമായും, "ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു"(വാ.6). യേശുവിൽ, മറ്റു വിശ്വാസികളും കൂടിച്ചേരുന്നതാണ് നമ്മുടെ ആത്മീക കുടുംബം.
നമ്മുടെ ഏകാന്തത, ഉപേക്ഷിക്കൽ, നമ്മുടെ വ്യക്തിബന്ധങ്ങളിലെ തകർച്ച - അങ്ങനെ വെല്ലുവിളി നിറഞ്ഞ നമ്മുടെ കുടുംബത്തിന്റെ കഥകൾ എന്തു തന്നെയായിരുന്നാലും നാം സ്നേഹിക്കപ്പെടുന്നു എന്ന് നമുക്കറിയാൻ കഴിയും. ദൈവത്തോടു കൂടെ, നാം ഒരിക്കലും പിതാവില്ലാത്തവരാകില്ല.
മുഴുവൻ ലോകത്തിനും രോഗശാന്തി
രണ്ടാം ലോകമഹായുദ്ധസമയത്ത് പടിഞ്ഞാറൻ സ്ലൊവേനിയയിലെ ഒരു വിദൂര മലയിടുക്കിൽ, ഒരു രഹസ്യ മെഡിക്കൽ സങ്കേതത്തിൽ (ഫ്രാൻജാ പാർടിസൻ ഹോസ്പിറ്റൽ), നാസികളിൽ നിന്ന് മറഞ്ഞിരുന്ന്, പരിക്കേറ്റ ആയിരക്കണക്കിന് സൈനികരെ പരിചരിക്കുന്ന കുറെ ജീവനക്കാർ ഉണ്ടായിരുന്നു. സ്ലൊവേനിയ പ്രതിരോധ പ്രസ്ഥാനം സ്ഥാപിച്ച ഈ സ്ഥാപനം കണ്ടെത്താനുള്ള നാസികളുടെ നിരവധി ശ്രമങ്ങളെ അവർ പരാജയപ്പെടുത്തി എന്നതു ശ്രദ്ധേയമായ ഒരു നേട്ടമാണെങ്കിലും, അതിലും ശ്രദ്ധേയമാണ് ഈ ആശുപത്രിയിൽ സഖ്യകക്ഷികളുടെയും അച്ചുതണ്ട് കക്ഷികളുടെയും സൈനികരെ ഒരു പോലെ അവർ ശുശ്രൂഷിച്ചിരുന്നു എന്നത്. ആ ആശുപത്രി എല്ലാവരെയും സ്വാഗതം ചെയ്തു!
സകല ലോകത്തിന്റെയും ആത്മീയ സൗഖ്യത്തിനായി സഹായിക്കുവാൻ തിരുവെഴുത്ത് നമ്മെ ആഹ്വാനം ചെയ്യുന്നു. ഇതിനർത്ഥം നമുക്ക് എല്ലാവരോടും - അവരുടെ കാഴ്ചപ്പാടുകൾ പരിഗണിക്കാതെ – അനുകമ്പയുണ്ടായിരിക്കണം എന്നാണ്. അവരുടെ പ്രത്യയശാസ്ത്രം എന്തുതന്നെയായാലും, ക്രിസ്തുവിന്റെ ദയയും സ്നേഹവും ഏവരും അർഹിക്കുന്നു. പൗലോസ് പറയുന്നു, “ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു;...അവൻ എല്ലാവർക്കുംവേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു.” (2 കൊരി. 5:14-15). നമ്മളെല്ലാവരും പാപമെന്ന രോഗത്താൽ ബാധിതരാണ്. യേശുവിന്റെ പാപക്ഷമയുടെ സൗഖ്യം നമുക്കെല്ലാവർക്കും ആവശ്യമാണ്. നമുക്കു സൗഖ്യമുണ്ടാകുവാൻ അവൻ നമുക്കരികിലേക്കു വന്നു.
അത്ഭുതകരമായ രീതിയിൽ, ദൈവം നമ്മെ "ഈ നിരപ്പിന്റെ വചനം ഭരമേല്പിച്ചുമിരിക്കുന്നു" (വാ. 19). (നമ്മേപ്പോലെ ) മുറിവേറ്റവരും തകർന്നവരുമായ ആളുകളെ ശുശ്രൂഷിക്കുവാൻ ദൈവം നമ്മെ ക്ഷണിക്കുന്നു. അവനുമായുള്ള കൂട്ടായ്മ വഴി 'രോഗികൾക്ക് ആരോഗ്യം' ലഭിക്കുന്ന നിരപ്പിന്റെ ശുശ്രൂഷയിൽ നാമും പങ്കാളികളായിരിക്കുന്നു. ഈ നിരപ്പ്, ഈ സൗഖ്യം, അവനെ സ്വീകരിക്കുന്ന ഏവർക്കും ഉള്ളതാണ്.
ആഴത്തിലുള്ളതും ബന്ധിപ്പിക്കുന്നതുമായ ഒരു കാര്യം
ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. ഉല്പത്തി 1:27
ഇറാഖി കുടിയേറ്റക്കാരിയായ ആമിനയും ജനനം മുതൽ അമേരിക്കക്കാരനായ ജോസഫും എതിർചേരികളിലായി ഒരു രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തു. വംശീയതയും രാഷ്ട്രീയവും കൊണ്ട് വേർപിരിഞ്ഞവർ പരസ്പരം അനിയന്ത്രിതമായ ശത്രുത പുലർത്തുന്നുവെന്ന് വിശ്വസിക്കുവാൻ ആണ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഒരു ചെറിയ ആൾക്കൂട്ടം ജോസഫിനോടു കയർക്കുകയും, അവന്റെ കുപ്പായത്തിന് തീയിടാൻ ശ്രമിക്കുകയും ചെയ്തപ്പോൾ, ആമിന അവനെ സംരക്ഷിക്കുവാൻ പാഞ്ഞു ചെന്നു. “മനുഷ്യർ എന്ന നിലയിൽ, ഒരു പരിധിയിൽ കൂടുതൽ അകലാൻ നമ്മൾക്കു കഴിയുമെന്ന് ഞാൻ കരുതുന്നില്ല,” ജോസഫ് ഒരു റിപ്പോർട്ടറോട് പറഞ്ഞു. രാഷ്ട്രീയത്തേക്കാൾ ആഴത്തിലുള്ള എന്തോ ഒന്ന് ആമിനയെയും ജോസഫിനെയും ഒരുമിച്ച് ചേർക്കുന്നുണ്ട്.
നമുക്ക് പലപ്പോഴും പരസ്പരം വിയോജിപ്പുകൾ ഉണ്ടെങ്കിലും - നമുക്ക് അവഗണിക്കാൻ കഴിയാത്ത വിയോജിപ്പുകൾ ഉണ്ട് - നമ്മെ തമ്മിൽ ബന്ധിപ്പിക്കുന്ന, അതിനേക്കാൾ ആഴമേറിയ , ചില യാഥാർത്ഥ്യങ്ങളുണ്ട്. നാമെല്ലാവരും ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ്. ആയതിനാൽ മനുഷ്യൻ എന്ന പ്രിയപ്പെട്ട ഏകകുടുംബത്തിന്റ ഭാഗവുമാണ്. ലിംഗം, വർഗം, വംശം അല്ലെങ്കിൽ രാഷ്ട്രീയം എന്നിവക്കതീതമായി ദൈവം തന്റെ - "സ്വന്തം സ്വരൂപത്തിൽ" (ഉല്പത്തി 1:27) നമ്മെ ഓരോരുത്തരെയും സൃഷ്ടിച്ചു എന്നത് അവഗണിക്കാനാകാത്ത സത്യമാണ്. മറ്റെന്തൊക്കെ വ്യത്യാസങ്ങൾ ഉണ്ടായാലും, ദൈവം നിങ്ങളിലും എന്നിലും പ്രതിഫലിക്കുന്നു എന്നതാണ് സത്യം. അതിനാൽ, ബുദ്ധിയോടും വിവേകത്തോടും കൂടെ ജീവിച്ച്, ദൈവം നിർമ്മിച്ച ഭൂമിയെ "നിറയ്ക്കാനും" "വാഴുവാനും" അവൻ നമുക്ക് ഉത്തരവാദിത്തം പങ്കിട്ട് നൽകിയിരിക്കുന്നു (വാ. 28).
നമ്മൾ ദൈവത്താൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മറന്നുപോകുമ്പോഴെല്ലാം, നമുക്കും മറ്റുള്ളവർക്കും നാശമുണ്ടാക്കും. പക്ഷേ, അവന്റെ കൃപയിലും സത്യത്തിലും നമ്മൾ ഒത്തുചേരുമ്പോഴെല്ലാം, നല്ലതും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരു ലോകം സൃഷ്ടിക്കാനുള്ള അവന്റെ ആഗ്രഹത്തിൽ നമ്മളും പങ്കുകാരാകുന്നു.
ഉഗ്രമായ സമരം
1896-ൽ കാൾ അക്കെലി എന്ന പര്യവേക്ഷകനെ എത്യോപ്യയിലെ ഒരു കാട്ടിൽ, എൺപത് പൗണ്ടുള്ള ഒരു പുള്ളിപ്പുലി ആക്രമിച്ചു. അയാൾ ഓർക്കുന്നു : " പല്ലുകൾ എന്റെ തൊണ്ടയിൽ ആഴ്ത്തുവാൻ ശ്രമിച്ച " പുള്ളിപ്പുലിക്ക് പക്ഷെ ലക്ഷ്യം തെറ്റി; അതിന്റെ ക്രൂരമായ കടി അവന്റെ വലതുകൈയിലാണ് ഏറ്റത്. രണ്ടുപേരും മണലിൽ ഉരുണ്ടു- ഒരു നീണ്ട, കടുത്ത പോരാട്ടം നടന്നു. അക്കെലി ആകെ അവശനായി."ആർ ആദ്യം വിട്ടുകൊടുക്കും എന്ന രീതിയിൽ പോരാട്ടം തുടർന്നു." അവസാനശക്തിയും സംഭരിച്ച് വെറുംകൈയാൽ അക്കെലി അതിനെ ശ്വാസം മുട്ടിച്ചു കൊന്നു.
യേശുവിൽ വിശ്വസിക്കുന്ന നാം ഓരോരുത്തരും എങ്ങനെയാണ് കടുത്ത പോരാട്ടങ്ങളെ നേരിടേണ്ടിവരിക എന്ന് അപ്പോസ്തലനായ പൗലോസ് വിശദീകരിച്ചു; നമ്മെ പരാജയപ്പെടുത്താൻ പാകത്തിലുള്ള പ്രലോഭനങ്ങൾ നേരിടാൻ സാധ്യതയുണ്ട്. "പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനില്പാൻ കഴിയേണ്ടതിനു ദൈവത്തിന്റെ സർവായുധവർഗം ധരിച്ചു കൊണ്ട്" നമുക്ക് " ഉറച്ച് നില്ക്കാം. " (എഫേസ്യർ 6:11, 14) നമ്മുടെ ബലഹീനതയും ദൗർബല്യവും മനസ്സിലാക്കുമ്പോഴുള്ള ഭയത്താൽ തകർന്നുപോകുന്നതിനുപകരം, വിശ്വാസത്താൽ മുന്നോട്ട് പോകുവാൻ പൗലോസ് വെല്ലുവിളിച്ചു; കാരണം നാം നമ്മുടെ ധൈര്യത്തിലും ശക്തിയിലും അല്ല ,ദൈവത്തിലാണ് ആശ്രയിക്കുന്നത്. " കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ" എന്ന് അദ്ദേഹം എഴുതി (വാ. 10). നമ്മൾ വെല്ലുവിളികൾ നേരിടുമ്പോൾ ഓർക്കുക; ദൈവം കേവലം ഒരു പ്രാർത്ഥനയുടെ അകലത്തിലുണ്ട്.(വാ. 18).
അതെ, നമ്മൾക്ക് നിരവധി പോരാട്ടങ്ങളുണ്ട്, സ്വന്തം ശക്തികൊണ്ടോ വൈഭവം കൊണ്ടോ നമ്മൾ ഒരിക്കലും അവയിൽ നിന്ന് രക്ഷപ്പെടില്ല. എന്നാൽ നമ്മൾ നേരിടുന്ന ഏതൊരു ശത്രുവിനേക്കാളും തിന്മയേക്കാളും ശക്തനാണ് ദൈവം.
യഥാർത്ഥമായും ജീവിക്കുന്നു
ഈസ്റ്റർ ദിവസങ്ങളായതിനാൽ ഞങ്ങളുടെ അഞ്ച് വയസുകാരൻ മകൻ ഉയിർപ്പിനെക്കുറിച്ച് ഒത്തിരി കാര്യങ്ങൾ കേട്ടു. അവന് എപ്പോഴും ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു-പലതും കുഴക്കുന്നവയും. ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ അവൻ തൊട്ടുപിന്നിലെ സീറ്റിൽ വന്നിരിക്കും. ജനലിൽ കൂടി പുറത്തേക്ക് നോക്കിയിരുന്ന് ചിന്താമഗ്നനാകും. “ഡാഡി”, ഒരു കഠിന ചോദ്യത്തിനായി അവൻ തയ്യാറാകുകയാണ്, “യേശു വന്ന് നമ്മെ ഉയിർപ്പിക്കുമ്പോൾ നമ്മൾ യഥാർത്ഥമായും ജീവിക്കുമോ-അതോ നമ്മുടെ തലകൾ മാത്രം ജീവനുള്ളതാകുകയാണോ?”
നമ്മിൽ അനേകരും കൊണ്ടു നടക്കുന്നതും എന്നാൽ ചോദിക്കാൻ ധൈര്യമില്ലാത്തതോ ആയ ചോദ്യമാണിത്. ദൈവം നമ്മെ യഥാർത്ഥത്തിൽ സൗഖ്യമാക്കുമോ? യഥാർത്ഥത്തിൽ മരണത്തിൽ നിന്ന് ഉയിർപ്പിക്കുമോ? എല്ലാ വാഗ്ദത്തങ്ങളും നടപ്പിലാക്കുമോ?
യോഹന്നാൻ അപ്പസ്തോലൻ നമ്മുടെ സുനിശ്ചിതമായ ഭാവിയെ “പുതിയ ആകാശവും പുതിയ ഭൂമിയും” (വെളിപ്പാട് 21:1) എന്നാണ് വിവരിക്കുന്നത്. ആ വിശുദ്ധ നഗരത്തിൽ “ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും” (വാ. 3). യേശു പ്രാപിച്ച വിജയം മൂലം കണ്ണുനീരില്ലാത്ത ഒരു ഭാവി നമുക്ക് വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നു, ദൈവത്തിനും തന്റെ ജനത്തിനും നേരെ യാതൊരു തിന്മയും ഉണ്ടാകില്ല. ഈ നല്ല ഭാവിയിൽ “ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി” (വാ. 4).
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള ഭാവിയിൽ, നമ്മൾ യഥാർത്ഥമായും ജീവിക്കും. ഇപ്പോഴത്തെ ജീവിതം കേവലം നിഴല് മാത്രമാണെന്ന് തോന്നിപ്പിക്കുന്ന വിധമുളള ജീവിതമായിരിക്കും അത്.